കാമുകനുമായി പിണക്കം; ഇടുക്കിയിൽ യുവതി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി, രക്ഷിച്ച് പോലീസ്

വണ്ണപ്പുറം(ഇടുക്കി): കാളിയാർ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് രക്ഷിച്ചു. കാളിയാർ പോലീസും നാട്ടുകാരനായ യുവാവും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.

കുമളി സ്വദേശിനിയായ 26-കാരിയാണ് രാത്രി കാർ ഓടിച്ചെത്തി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. തുടർന്ന് കാർ പാലത്തിൽ നിർത്തി യുവതി പുറത്തിറങ്ങുകയും പിന്നാലെ പുഴയിലേക്ക് ചാടുകയുമായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ ഒരാളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് എസ്‌ഐ സജി.പി.ജോൺ, എഎസ്‌ഐ ഷൈലജ, എസ്‌സിപിഒ ജയേഷ് എന്നിവരും നാട്ടുകാരനായ യുവാവും ചേർന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.

കാമുകനുമായുള്ള പിണക്കമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. പുഴയിൽ പുല്ലിൽ പിടിച്ച് കിടന്നതിനാലാണ് യുവതി മുങ്ങിപ്പോകാതിരുന്നതെന്നും പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.