പെൺകുഞ്ഞുണ്ടായതിന് ഭാര്യക്ക് ക്രൂര മർദനം; അങ്കമാലിയിൽ ഭർത്താവിനെതിരെ കേസ്

കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് ഭർത്താവിന്റെ മർദനം. പെൺകുട്ടിയുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ച് ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഭാര്യയുടെ പരാതിയിൽ അങ്കമാലി പൊലീസ് കേസെടുത്തു. 29 കാരിയാണ് പരാതി നൽകിയത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം.

ഒരുവർഷത്തോളം പ്രശ്‌നങ്ങളില്ലാതെ പോയെങ്കിലും പെൺകുഞ്ഞ് പിറന്നതിന് ശേഷം നാല് വർഷത്തോളം യുവതി കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങി വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടിൽ വച്ച് ക്രൂരമായി മർദനത്തിന് ഇരയാക്കിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ചികിത്സയ്ക്കായി എത്തിയപ്പോൾ ആശുപത്രി ജീവനക്കാർക്ക് തോന്നിയ സംശയങ്ങളാണ് വിവരം പുറത്തറിയാൻ ഇടയാക്കിയത്. പിന്നാലെ യുവതി പൊലീസിന് പരാതി നൽകുകയായിരുന്നു.

ഗാർഹിക പീഡനത്തിന് അപ്പുറത്ത് ജനിച്ച കുട്ടി പെൺകുഞ്ഞാണെന്ന് ആരോപിച്ചായിരുന്നു പീഡനം എന്നാണ് പരാതിയിൽ പറയുന്നത്. 2021 ജൂൺ മുതൽ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ആരോപിക്കുന്നത്. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.