തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനിൽ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആൾപ്പാർപ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷീജയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു.

സ്ത്രീയുടെ കരച്ചിൽ കേട്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ പ്രദേശത്തുള്ള സുഹൃത്ത് സജിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പറയുന്നു. സജിയുമായുള്ള ബന്ധം ഷീലയുടെ ബന്ധുക്കൾ അംഗീകരിച്ചിരുന്നില്ല. കുറച്ചുനാൾ അകന്നുകഴിഞ്ഞ ഇരുവരും അടുത്തകാലത്ത് വീണ്ടും അടുത്തതായും ബന്ധുക്കൾ പറയുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് സജിയുടെ വീട്. സജിയെ കാണാൻ വേണ്ടി തന്നെയായിരിക്കണം ഷീജ ഇന്നലെ രാത്രി പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.