മൂവരും സഹപാഠികൾ; ഇന്ദുജയെ അജാസ് മർദിച്ചത് ഫോൺ വിളിയിൽ സംശയിച്ച്

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻകാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജ(25)യെ നന്ദിയോട് ഇളവട്ടത്തെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികൾ. ഇന്ദുജ മറ്റാരുമായോ ഫോണിൽ സംസാരിക്കുന്നുവെന്ന സംശയത്തിൽ അജാസ് ഇടപെട്ടതാണ് മർദനത്തിനും പിന്നീട് ഇന്ദുജയുടെ മരണത്തിനും കാരണമായതെന്നാണു പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭർത്താവ് ഇളവട്ടം എൽപി സ്‌കൂളിന് സമീപം ശാലു ഭവനിൽ നന്ദു എന്ന അഭിജിത്ത് ദേവൻ (25), സുഹൃത്ത് പെരിങ്ങമ്മല പഞ്ചായത്ത് ജംക്ഷന് സമീപം എ.ടി. കോട്ടേജിൽ ടി.എ. അജാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച അജാസ് അഭിജിത്തിന്റെ വീട്ടിൽ എത്തിയപ്പോൾ മുകൾനിലയിലെ മുറിയിൽ ഇരുന്ന് ഇന്ദുജ ഫോണിൽ ആരുമായോ സംസാരിക്കുന്നതാണ് കണ്ടത്. മറ്റൊരു യുവാവുമായാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയിച്ച് അജാസ് ഇന്ദുജയുടെ ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് ഇക്കാര്യം അജാസ് അഭിജിത്തിനോടു പറഞ്ഞു. ഇതിനു ശേഷം അജാസ് ഇന്ദുജയെ കാറിൽ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി. അവിടെ വച്ച് ഇക്കാര്യം പറഞ്ഞ് അജാസ് ഇന്ദുജയെ മർദിച്ചു. രാത്രിയാണ് ഇന്ദുജയെ വീട്ടിൽ എത്തിച്ചത്. ഇക്കാര്യത്തിൽ അഭിജിത്തും ഇന്ദുജയും തമ്മിൽ വീട്ടിൽവച്ച് വഴക്കുണ്ടായതായും സൂചനയുണ്ട്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഇന്ദുജ അജാസിനെ വിളിച്ച് താൻ ജീവനൊടുക്കാൻ പോകുകയാണെന്നു പറഞ്ഞു. ഉടൻ തന്നെ അജാസ് ഇക്കാര്യം അഭിജിത്തിനെ അറിയിച്ചു. അഭിജിത്ത് വീട്ടിൽ എത്തുമ്പോൾ ഇന്ദുജയെ തൂങ്ങിയ നിലയിൽ കണ്ടുവെന്നാണ് പൊലീസിനോടു പറഞ്ഞത്. ഇന്ദുജയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോൾ അജാസും അവിടെ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദുജ മരിക്കുന്നതിനു മുൻപ് ആരെയോ ഫോൺ ചെയ്തതായി അഭിജിത്തിന്റെ അമ്മൂമ്മ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ അജാസിനെയാണ് വിളിച്ചതെന്നു കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്തത്. കസ്റ്റഡിയിലെടുത്ത ഭർത്താവ് അഭിജിത്തിന്റെ മൊഴിയിൽ അജാസിന്റെ പേര് കടന്നു വന്നതും നിർണായകമായി.

മരിക്കുന്നതിനു മൂന്നു ദിവസം മുൻപ് അജാസ് ഇന്ദുജയെ ശംഖുമുഖത്ത് കൊണ്ടുപോയി കാറിൽ വച്ച് മർദിച്ചതായി അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആദ്യം ഇക്കാര്യം നിഷേധിച്ച അജാസ് പിന്നീട് പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞു. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അഭിജിത്തിന്റെയും അജാസിന്റെയും പേരിൽ ഭർതൃപീഡനം, ശാരീരിക പീഡനം, ആയുധം ഉപയോഗിച്ചുള്ള മർദനം, തെറ്റിദ്ധാരണ ജനിപ്പിക്കൽ, ഗൂഢാലോചന, മാനസിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അജാസിന്റെ പേരിൽ എസ്സി, എസ്ടി പീഡനം കൂടി ചേർത്തിട്ടുണ്ട്. അഭിജിത്തും ഇന്ദുജയും വിവാഹം കഴിഞ്ഞ നാൾ മുതൽ ഇന്ദുജയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുത്തി ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ നടന്നിരുന്നതായി പൊലീസ് പറയുന്നു. ഗാർഹിക പീഡനം ആരോപിച്ചു പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അതിനു തെളിവില്ലെന്നും ഇന്ദുജയുടെ ദേഹത്തു കണ്ട പാടുകൾ അജാസ് മർദിച്ചതു മൂലമാണെന്നും പറയുന്നു.