ആലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനെ തുടർന്നുണ്ടായ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പ്രതികളെ അറസ്റ്റുചെയ്തു. കാവാലം പഞ്ചായത്ത് 13-ാം വാർഡ് കുന്നുമ്മ മണ്ണാശ്ശേരി വീട്ടിൽ സലിലാനന്ദന്റെ മകൻ സുരേഷ് കുമാറാ(അപ്പുസുരേഷ്-30)ണ് മരിച്ചത്. കുറ്റക്കാരായ കുന്നുമ്മ ഐശ്വര്യ ഭവനിൽ യദുകുമാർ (23), കുന്നുമ്മ കൈനിലം വീട്ടിൽ ഹരികൃഷ്ണൻ (22) എന്നിവരെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്തത്.

ജൂൺ മൂന്നിനാണ് സുരേഷ് മരിച്ചത്. മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. ഏപ്രിൽ 20-ന് കാവാലത്ത് ഷാപ്പിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികൾ വാങ്ങിവെച്ച മദ്യം സുരേഷ്‌കുമാർ എടുത്ത് കുടിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇൻസ്‌പെക്ടർ കെ.ബി. ആനന്ദബാബു, സബ് ഇൻസ്‌പെക്ടർ കെ.യു. ബിനു, എഎസ്ഐ സജിത് കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.

























