‘ആറ് മാസം മുൻപ് കാലിൽ തെരുവ് നായ നക്കിയിരുന്നു’, കടയ്ക്കൽ സ്വദേശിയുടെ മരണം പേവിഷബാധയേറ്റ്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. കൊല്ലം കടയ്ക്കലിൽ 44കാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന സാഹചര്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്. ബൈജുവിന്റെ കാലിൽ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുൻപായിരുന്നു സംഭവം എന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബൈജുവുമായി ഇടപഴകിയിട്ടുള്ളവർ അടിയന്തരമായി വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമായി ബൈജു കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയത്. പേവിഷബാധയുടെ ലക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാൻ ബൈജുവിനോട് ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, ബൈജു ചികിത്സ തേടിയിരുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെ വീണ്ടും ശ്വാസതടസം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ രൂക്ഷമായതിനെ തുടർന്ന് വീണ്ടും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. പിന്നാലെയാണ് ബൈജുവിന്റെ മരണം പേവിഷബാധയേറ്റാണെന്ന സ്ഥിരീകരണം ഉണ്ടായത്. ഇതോടെ ബൈജുമായി സമ്പർക്കമുണ്ടായിരുന്നവരും ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും പേവിഷബാധ വാക്‌സിനെടുക്കാൻ നിർദേശിച്ചിരിക്കുകയാണ്.