കണ്ണൂരിൽ കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ പെട്രോൾ പമ്പിൽ; സാഹസികമായി രക്ഷപ്പെടുത്തി ജീവനക്കാർ

കണ്ണൂർ: വളപട്ടണത്ത് കഴുത്തിൽ ചുറ്റിയ
പെരുമ്പാമ്പിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തി പെട്രോൾ പമ്പ് ജീവനക്കാർ. വ്യാഴാഴ്ച രാത്രിയോടെ പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ ഇയാൾ പമ്പിലെത്തുകയായിരുന്നു. പാമ്പ് എങ്ങനെയാണ് ഇയാളുടെ കഴുത്തിൽ ചുറ്റിയതെന്ന് വ്യക്തമല്ല. പമ്പിലെത്തിയ ഉടനെ ഇയാൾ നിലത്തേക്ക് വീണു.

ആദ്യം ജീവനക്കാർ ഭയന്നെങ്കിലും ഉടൻ തന്നെ ചാക്ക് എടുത്ത് പാമ്പിനെ കഴുത്തിൽ നിന്ന് വേർപെടുത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു .വളപട്ടണം പുഴയുടെ സമീപത്താണ് സംഭവം . ഇതിന് സമീപത്ത് നിന്ന് പാമ്പ് കഴുത്തിൽ കുടുങ്ങിയതാവാമെന്നാണ് നിഗമനം.

മദ്യപിച്ച ശേഷം പാമ്പിനെ സാഹസികതയ്ക്കായി ഇയാൾ തന്നെ കഴുത്തിൽ ചുറ്റിയതാണോ അതോ പാമ്പ് തനിയെ കയറിയതാണോ എന്ന് വ്യക്തമല്ല..പെരുമ്പാമ്പിന്റെ വായ കൈകൊണ്ട് മുറുകെ പിടിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെത്തുന്നത്. വാലു കൊണ്ട് പാമ്പ് കഴുത്തിൽ മുറുകെ ചുറ്റുകയും ചെയ്തിരുന്നു. പാമ്പിന്റെ പിടിയിൽ മധ്യവയസ്‌കന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, ശ്വാസം കിട്ടാതെ അപകടരമായ നിലയിലായിരുന്നു ഇയാൾ. പാമ്പിനെ വേർപെടുത്തിയ ഉടനെ തന്നെ ഇയാൾ സ്ഥലം വിട്ടതായാണ് പമ്പ് ജീവനക്കാർ അറിയിക്കുന്നത്.