കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയിട്ടില്ല; ഫോക്‌ലോര്‍ ചെയര്‍മാന്‍

തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച്
ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒഎസ് ഉണ്ണികൃഷ്ണന്‍. ആദിവാസി കലകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഈ നാടിന്റെ ചരിത്രവും സംസ്‌കാരവും നടന്ന് വളര്‍ന്ന വഴികളും കൃത്യമായി അടയാളപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് അക്കാദമിക്ക് ഉണ്ടായിരുന്നത്. മുഖത്ത് പെയിന്റ് അടിച്ചെന്നും മറ്റും പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം മാത്രമേയുള്ളു. ഈ കലകള്‍ ഇങ്ങനെയല്ലാതെ ഏത് വേഷത്തില്‍ അവതരിപ്പിച്ചാണ് നിങ്ങള്‍ കണ്ടിട്ടുള്ളതെന്ന് ഒഎസ് ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

കേരളീയത്തില്‍ അവതരിപ്പിക്കപ്പെട്ടതില്‍ ശ്രദ്ധേയമായ ഒന്നായി ഫോക് ലോര്‍ അക്കാദമി അവതരിപ്പിച്ച ആദിമം ഗോത്രഭൂമിക മാറുകയുണ്ടായി. ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നതുകൊണ്ട് അതുസംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും വിവാദങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. അത്തരത്തിലൊരു വിവാദമാണ് ആദിമത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്നത്. കേരള ഫോക് ലോര്‍ അക്കാദമി ആദിവാസികളെയല്ല, ആദിവാസി കലകളാണ് പ്രദര്‍ശിപ്പിച്ചത്. അഞ്ച് ആദിവാസി ഗോത്രകലകളുടെയും അനുഷ്ഠാനകലകളുടെ അവതരണമാണ് അവിടെ നടന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാര്യമറിയാതെ വിമര്‍ശിച്ച് കേരളീയത്തിന്റെ ശോഭ കെടുത്തരതെന്നും ഒഎസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.