കൊച്ചി : അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള അസമയത്തെ വെടിക്കെട്ട് നിരോധനം നിലനിൽക്കും. എന്നാൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾക്ക് പ്രത്യേക അപേക്ഷയിലൂടെ ഇളവിന് സർക്കാറിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശ്ശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.


നേരത്തെ ആരാധനാലയങ്ങളിൽ അസമയത്തുള്ള വെടിക്കെട്ട് നിരോധിച്ചാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഉണ്ടാകുന്നത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണം എന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ കോടതി, ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പിടിച്ചെടുക്കാനും നിർദേശിച്ചിരുന്നു.























