തൃഷയുമായി കിടപ്പറ രംഗം പ്രതീക്ഷിച്ചെന്ന പരാമര്‍ശം; ശക്തമായ പ്രതിഷേധം, വിശദീകരണവുമായി മന്‍സൂര്‍ അലി ഖാന്‍

തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ വിശദീകരണവുമായി നടൻ രംഗത്ത്. വിജയ് ചിത്രം ലിയോയില്‍ അഭിനയിക്കുമ്പോള്‍ നായിക തൃഷയുമൊത്ത് ഒരു കിടപ്പറ രംഗം ലഭിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. മുന്‍പ് ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ തൃഷ പ്രതികരിച്ചിരുന്നു.

മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. സെക്സിസ്റ്റും അനാദരവുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും മോശം അഭിരുചിയുള്ളതുമായ ഒരു പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും അഭിനയിക്കേണ്ടിവരാത്തതില്‍ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തില്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും.അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം. ഇതിന് പിന്നാലെ ലിയോ സംവിധായകന്‍ ലോകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വ്യാപക വിമര്‍ശനവും മന്‍സൂര്‍ അലി ഖാനെതിരെ ഉണ്ടായി. ഇതിന് പിന്നാലെയാണ് മന്‍സൂര്‍ അലി വാട്സ്ആപ് മെസേജിലൂടെ പ്രതികരണവുമായി എത്തിയത്.

ആ അഭിമുഖത്തില്‍ തൃഷയെ ഏറെ പ്രശംസിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. പക്ഷേ വിവാദം ഉണ്ടാക്കാനായി എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിച്ചത്. പഴയ ചിത്രങ്ങളില്‍ നായികമാരുമൊത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. അതിലുള്ള ദു:ഖം ഹാസ്യാത്മകമായി അവതരിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. പക്ഷേ തെറ്റായ രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടത്. അതാണ് തൃഷയിലേക്കും എത്തിയത്. ഒപ്പം അഭിനയിക്കുന്ന നടിമാരെ ബഹുമാനിക്കുന്ന ആളാണ് ഞാനെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തന്‍റെ വരാനിരിക്കുന്ന ചിത്രത്തെയും രാഷ്ട്രീയ ഭാവിയെയും തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വമുള്ള ശ്രമമാണ് ഇതെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മന്‍സൂര്‍ അലി ഖാന്‍ മത്സരിക്കുന്നുണ്ട്.