നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ കണ്ണിൽ കുത്തി എൻസിസി കേഡറ്റ്; ഡോക്ടര്‍ എത്തി പരിശോധിച്ചു

നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ എൻസിസി കേഡറ്റിന്റെ കൈ തട്ടി. കുട്ടിയുടെ കൈഅബദ്ധത്തിൽ മുഖ്യന്റെ കണ്ണിൽ തട്ടുകയായിരുന്നു. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനായി എത്തിയതായിരുന്നു എൻസിസി കെഡറ്റുമാർ. ഇതിൽ ഒരു കെഡറ്റ്സല്യൂട്ട് നൽകിയ ശേഷം കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ കൊണ്ടത്.

ഇതേസമയത്ത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായി കുനിഞ്ഞതും വീശിയ കൈ അദ്ദേഹത്തിന്റെ മുഖത്തു തട്ടുകയായിരുന്നു. അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി സീറ്റിലിരുന്ന് തൂവാലകൊണ്ട് അൽപനേരം കണ്ണു തുടച്ചു. അൽപസമയത്തിനു ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്. വേദിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിര്‍ദേശപ്രകാരം ഡോക്ടര്‍ പരിശോധന നടത്തി. ഉടൻ കുട്ടി ഓടിവന്ന് മുഖ്യമന്ത്രിയുടെ മുഖം തടവി ക്ഷമ പറയുന്നത് വീഡിയോയിൽ കാണാം.