തൃശൂര്‍: മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം കഴിഞ്ഞു. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ശ്രേയസാണ് ഭാഗ്യയുടെ കഴുത്തിൽ താലി ചാര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടന്മാരായ മമ്മൂട്ടി, മോഹൻലാല്‍, ദിലീപ് തുടങ്ങി വൻ താരനിരകള്‍ കുടുംബത്തോടൊപ്പം വിവാഹത്തില്‍ പങ്കെടുത്തു.

ഇപ്പോഴിതാ മകളുടെ വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ‘ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. നിങ്ങളുടെ പ്രാർത്ഥനകളിൽ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉൾപ്പെടുത്തുക’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്. ഒപ്പം ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന്റെ ഫോട്ടോകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.


ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. മോഹൻലാല്‍, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ബിജു മേനോൻ, സംയുക്ത വര്‍മ, ഖുശ്ബു, ജയറാം, പാര്‍വതി തുടങ്ങി നിരവധി പേര് ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹ ചടങ്ങിനായി എത്തിയിരുന്നു. കൂടാതെ തലേദിവസവും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബവും ഭാഗ്യയ്ക്ക് അനുഗ്രഹവുമായി എത്തിയിരുന്നു.























