
മാനന്തവാടി: വയനാട് തലപ്പുഴക്കടുത്ത കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കമ്പമലയിലെ തേയില എസ്റ്റേറ്റിലെത്തിയ മാവോയിസ്റ്റുകള്‍ ഇവിടെയുള്ള വനവികസന സമിതി ഓഫീസിന്റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും തകര്‍ത്തു.


യൂണിഫോം ധരിച്ച് തോക്കുധാരികളായിരുന്നു സംഘാംഗങ്ങളെന്നാണ് വിവരം. ഓഫീസ് ചുമരില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചാണ് മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയത്. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുകിടക്കുന്ന കമ്പമലയില്‍ മുമ്പും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ആറംഗ സംഘമാണ് വ്യാഴാഴ്ച വനവികസനസമിതി ഓഫീസില്‍ എത്തിയതെന്നാണ് പറയുന്നത്. തൊഴിലാളികളും സൂപ്പര്‍വൈസറുമെല്ലാം ഈ സമയം എസ്‌റ്റേറ്റിനുള്ളിലായിരുന്നു. എങ്കിലും ചില തൊഴിലാളികളുമായി സംഘം സംസാരിച്ചെന്ന വിവരമുണ്ട്. മുദ്രാവാക്യം വിളിച്ച സംഘാംഗങ്ങള്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. മുദ്രാവാക്യങ്ങടങ്ങിയ പോസ്റ്ററുകളാണ് മലയാളത്തിന് പുറമെ തമിഴിലും വനവികസന സമിതി ഓഫീസ് ചുമരില്‍ പതിച്ചിട്ടുള്ളത്.























