കണ്ണൂര്‍: തലശ്ശേരിയിൽ എട്ട് മാസം പ്രായമുളള കുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പന് ചെല്ലി വണ്ട് കുടുങ്ങി. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്റെ തൊണ്ടയിലാണ് വണ്ട് കുടുങ്ങിയത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിന്റെ ജീവന് രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രിയോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എന്‍ഡോസ്കോപ്പി ചെയ്തു. അപ്പോഴാണ് കൊമ്പന്‍ചെല്ലി വിഭാഗത്തില്‍പെട്ട് വലിയ വണ്ട് കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്.ഉടന്‍ കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.

























