കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ ഏഴുപേരടക്കം 8 മരണം

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരും ഡ്രൈവറുമാണ് മരിച്ചത്. ബെംഗളൂരു ദേശീയപാതയിൽ പക്രിപാളത്തുവച്ചായിരുന്നു അപകടം.

ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ആറുപേർ സംഭവസ്ഥലത്ത് വച്ചും രണ്ടുപേര്‍ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് കാറിനുള്ളില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.