നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേൽ വാദം കേട്ടശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. സാഹചര്യ തെളിവുകൾ മാത്രമുള്ള കേസിൽ കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുന്നത്.

കൊലപാതകം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎൻഎസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോഴും, ബോയൻ നഗറിലെ മനസ്സുകളിൽ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പോത്തുണ്ടി ബോയൻ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങൾ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.

വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയർത്തിയിരുന്നു. വേണ്ടി വന്നാൽ താൻ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാൽ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോർട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോൾ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.