കുഞ്ഞ് ബസില്‍ ചര്‍ദ്ദിച്ചു; അച്ഛനെ തെറിവിളിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; മന്ത്രിക്ക് പരാതി നല്‍കി കുടുംബം

സുല്‍ത്താന്‍ ബത്തേരി: നാലു വയസുകാരനായ കുട്ടി ബസില്‍ ചര്‍ദ്ദിച്ചതിന് അച്ഛനെ തെറിവിളിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ഇന്നലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കൊടുവളളിയിലേക്ക് വരുകയായിരുന്ന KL 15A 1503 നമ്പര്‍ ബസിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പടനിലം സ്വദേശിയായ യുവാവ് ഗതാഗതമന്ത്രി ആന്റണി രാജുവിന് പരാതി നല്‍കി.

യുവാവും കുഞ്ഞും സ്ത്രീകളും ഉള്‍പ്പെടുന്ന കുടുംബം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ബസ് അടിവാരത്തെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞ് ഒരു തവണ ചര്‍ദിച്ചു. കയ്യില്‍ സൂക്ഷിച്ചിരുന്ന പോളിത്തീന്‍കവറും തുണികളുമുപയോഗിച്ച് ആ സാഹചര്യം കൈകാര്യം ചെയ്തെങ്കിലും പിന്നീട് കൊടുവള്ളിയിലെത്താന്‍ നേരമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്.
ഇറങ്ങാറായപ്പോള്‍ ഒരു കയ്യില്‍ കുട്ടിയെയും മറ്റേ കയ്യില്‍ സാധനങ്ങളുമായി യുവാവ് ബസിന്റെ ഡോറിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ആ സമയം അപ്രതീക്ഷിതമായി കുട്ടി ചര്‍ദിച്ചു, ബസിനുള്ളിലാവേണ്ടെന്ന് കരുതി താന്‍ കുഞ്ഞിന്റെ തല ഫുട്ട് ബോര്‍ഡിലേക്ക് തിരിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു. എന്നാല്‍ ആ സമയം ബസ് കണ്ടക്ടര്‍ മോശമായി പെരുമാറുകയും ദേഷ്യപ്പെടുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്നും പറഞ്ഞ് ഒച്ചയിടാനാരംഭിച്ച കണ്ടക്ടര്‍ തെറി വാക്കുകളും ഉപയോഗിച്ചായിരുന്നു പിന്നീടുള്ള സംസാരമെന്ന് യാത്രക്കാരും പറയുന്നു.