മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്; 750 കോടി, പ്രഖ്യാപനവുമായി ധനമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ ബജറ്റിൽ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആദ്യഘട്ട പുനരധിവാസം ഉടൻ പൂർത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ആകെ 1202 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. കേന്ദ്രബജറ്റിൽ യാതൊരു പ്രഖ്യാപനവുമുണ്ടാകാത്ത പശ്ചാത്തലത്തിൽ മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായി സംസ്ഥാന ബജറ്റിൽ എത്ര കോടി രൂപ നീക്കിവയ്ക്കുമെന്നത് നിർണായകമായിരുന്നു.

പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ സർക്കാർ പ്രത്യേക കരുതൽ കാണിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനും മേഖലയുടെ പുനർനിർമാണത്തിനും 2221 കോടി രൂപ ആവശ്യമായി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കേന്ദ്ര ബജറ്റിൽ കേരളം യാതൊരു സഹായവും അനുവദിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേരളത്തോട് കേന്ദ്രം കാണിക്കുമെന്ന് തന്നെയാണ് ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിലുള്ള നിലപാട് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു .കേരളം ടേക്ക് ഓഫിന് തയ്യാറാണ്. കേരളം അതിവേഗ വളർച്ചാ പാതയിലാണെന്നും കേരള സമ്പദ്ഘടനയും അതിവേഗ വളർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിലെ പുരോഗതി തടസപ്പെടരുതെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സർവീസ് പെൻഷൻകരുടെ 600 കോടി കുടിശിക ഉടൻ നൽകും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.