കൊച്ചി: സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നുണ്ട്. മലയാള സിനിമ വൻ പ്രതിസന്ധിയിലാണെന്ന് ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.

176 ചിത്രങ്ങൾ കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101കോടിയെന്ന് നിർമാതാക്കൾ പറഞ്ഞു. തിയറ്ററിൽ റിലീസായ 28ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് രേഖാചിത്രം മാത്രമാണ്. കണക്കുകൾ പുറത്തുവിട്ടാണ് നിർമ്മാതാക്കളുടെ വിശദീകരണം. സിനിമാനിർമാണ ചെലവിന്റെ 60ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ സാധിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലം മലയാള സിനിമക്ക് താങ്ങവുന്നതിലും അപ്പുറമാണ്.


സാങ്കേതിക പ്രവർത്തകരിൽ 60 ശതമാനവും പട്ടിണിയിലാണ്. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.























