
കോഴിക്കോട്: നിപ ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും ഇതില്‍പ്പെടും. അതേസമയം കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ പഠനത്തിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സംഘം കോഴിക്കോടെത്തി.


അതേസമയം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം. തുടര്‍ച്ചയായി മൂന്നാം ദിവസവും നിപാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് പുറമേ ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധനാ ഫലമുള്‍പ്പെടെയാണ് നെഗറ്റീവായത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള്ളത്.























