
കോഴിക്കോട്: നിപ ബാധയിൽ ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുപോലെ ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി അറിയിച്ചു. പ്രതീക്ഷ നിർഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോഗ്യമന്ത്രി അറിയിച്ചു.


1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചിൽ 4 പേർ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സെക്കന്ററി തലത്തിലേക്ക് പോകുന്നില്ല. ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോസറ്റീവ് ആയ വ്യക്തികൾ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്റി ബോഡി എത്തിക്കാം എന്നാണ് ഐ സി എം ആർ അറിയിച്ചിരിക്കുന്നത്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളത് 352 പേരാണ്. അവരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്.























