
മധ്യപ്രദേശില്‍ 12 കാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരെ കസ്റ്റഡിയിലെടുത്തു. അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് പെണ്‍കുട്ടി എട്ട് കിലോമീറ്ററോളം സഹായമഭ്യര്‍ത്ഥിച്ച് നടന്നതായി പൊലീസ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.


ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ച് നടക്കുന്ന വിഡിയോ ഞെട്ടലോടെയായിരുന്നു ലോകം കണ്ടത്. സംഭവത്തില്‍ 38കാരനായ ഓട്ടോ ഡ്രൈവര്‍ രാകേഷ് ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയിലായി. ഓട്ടോയുടെ സീറ്റില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. പരിശോധനാഫലത്തിന് ശേഷമാകും അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് നീങ്ങുക.
ഈ മാസം 24 ന് മധ്യപ്രദേശിലെ സ്തനയിൽ നിന്ന് കാണാതായ പെൺകുട്ടിയാണ് ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായി അർദ്ധനഗ്നയായി തെരുവിലൂടെ നടന്നത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പെണ്‍കുട്ടി ഏകദേശം എട്ട് കിലോമീറ്ററോളം അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് സഹായത്തിനായി നടന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിക്ക് ഇപ്പോഴും തന്നെയോ തന്റെ കുടുംബത്തെയോ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ പറഞ്ഞു.























