ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം ; പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് ഇപ്പോഴും പൊലീസ്. പാരിപ്പള്ളിയിൽ ഓട്ടോയിൽ എത്തിയ പ്രതികൾ ഏഴ് മിനിട്ട് പാരിപ്പള്ളിയിൽ ചിലവഴിച്ചു.

പ്രൊഫഷണൽ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവർത്തിക്കുന്ന പൊലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്.

കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. കാറിൽ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടർന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയിൽ കയറ്റി വിട്ടുവെന്നുമാണ് പൊലീസിന് കണ്ടെത്തൽ. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടി യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്. പ്രതികൾ പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.