3 ഇടത്തും ബിജെപി; ഛത്തിസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശിലും തകർന്നടിഞ്ഞ് കോൺഗ്രസ്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ലിറ്റ്മസ് ടെസ്റ്റില്‍ ബി.ജെ.പിക്ക് വമ്പൻ മുന്നേറ്റം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം പിടിച്ച ബി.ജെ.പി മധ്യപ്രദേശില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. മധ്യപ്രദേശിലെഏഴില്‍ ആറ് മേഖലകളിലും ബി.ജെ.പി വിജയം കൈവരിച്ചു. രാജസ്ഥാനില്‍ തുടര്‍ഭരണം നേടാമെന്ന ഗെലോട്ടിന്‍റെ പ്രതീക്ഷകള്‍ കെടുത്തി ബി.ജെ.പി മുന്നേറി.

ഛത്തീസ്ഗഡില്‍ നിര്‍ണായക മേഖലകളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. എക്സിറ്റ് പോളുകളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ഛത്തീസ്ഗഢില്‍ ബിജെപിയുടെ നേട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ തെലങ്കാനമാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായത്.

മധ്യപ്രദേശിനെ കാവിക്കോട്ടയാക്കി ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച. ഇതുവരെ ഫലം പുറത്തുവന്നതില്‍ 154 സീറ്റുകളില്‍ ബിജെപി വിജയിക്കുകയോ, ലീഡ് ചെയ്യുകയോ ചെയ്യുന്നു. ബഹുദൂരം പിന്നിലുള്ള കോണ്‍ഗ്രസിന് മഹാകോശല്‍ മേഖല മാത്രമാണ് ആശ്വാസം നല്‍കിയത്

വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ പതിയെ ബിജെപി കത്തിക്കയറുകയായിരുന്നു. പിന്നാലെ ആഘോഷവും തുടങ്ങി.