ആർത്തവ ദിനങ്ങളിൽ പ്രത്യേക അവധി നൽകുന്നതിനെ എതിർത്ത് സ്മൃതി ഇറാനി

ഡല്‍ഹി: വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെ എതിര്‍ത്ത് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ആർത്തവം ജീവിതത്തിന്‍റെ സ്വാഭാവിക ഭാഗമാണ്. പ്രത്യേക അവധി ആവശ്യമുള്ള ഒരു ശാരീരിക പ്രശ്നമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു.

ആർത്തവമുള്ള സ്ത്രീ എന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു ശാരീരിക പ്രശ്നമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ആര്‍ത്തവ ദിവസങ്ങളില്‍ പ്രത്യേക അവധി നൽകുന്നത്. തൊഴില്‍ മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം, ആർത്തവ ശുചിത്വത്തിന്‍റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കുമെന്ന് ഇറാനി പ്രഖ്യാപിച്ചു.