ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച സി.പി.എമ്മിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. രാമന്റെ ക്ഷണമുള്ളവർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘സംഘാടകർ ക്ഷണക്കത്ത് എല്ലാവർക്കും നൽകിയിട്ടുണ്ട്. പക്ഷേ ശ്രീരാമന്റെ ക്ഷണം ലഭിച്ചവർ മാത്രമേ ചടങ്ങിനെത്തൂ’. മീനാക്ഷി ലേഖി പറഞ്ഞു. മതപരമായ വിശ്വാസങ്ങളെ തങ്ങൾ മാനിക്കുന്നുണ്ടെന്നും എന്നാൽ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനാണ് ശ്രമിക്കുന്നതെന്നും അതിനാലാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നുമായിരുന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ വിശദീകരണം. മതം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.


ബി.ജെ.പി.യും ആർ.എസ്.എസ്സും ചേർന്ന് മതപരമായ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു ചടങ്ങിൽ പങ്കെടുക്കാത്തതിൻ്റെ കാരണം വ്യക്തമാക്കി സി.പി.എം. ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.























