വായ്പ്പ തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവാക്കി നൽകിയില്ല..1.2 ലക്ഷം രൂപ വാഹന ഉടമക്ക് നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി: വായ്പ്പ മുഴുവൻ തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവാക്കി നല്കാത്ത ഫിനാൻസ് സ്ഥാപനം നഷ്ടപരിഹാരം നൽകാൻ വിധി. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് വിധി. എറണാകുളം കോതാട് സ്വദേശി കെ.വി. ആൻറണി, ഹിന്ദുജ ലൈലാൻഡ് ഫിനാൻസിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
വായ്പ മുഴുവൻ അടച്ച് തീർത്തിട്ടും വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് രേഖകൾ നൽകാത്ത ധനകാര്യ സ്ഥാപനത്തിന്‍റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കോടതി വിലയിരുത്തി.

2012 നവംബറിലാണ് ആന്റണി വാഹനവായ്പ എടുത്തത്. 47 ഗഡുക്കളായി തുക തിരിച്ചടക്കുകയും ചെയ്തു. എന്നാൽ തിരിച്ചടവിൽ വീഴ്ചവരുത്തി എന്നാരോപിച്ച് വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിക്കാതിരിക്കുകയും സിബിൽ സ്കോർ പ്രതികൂലമായി മാറ്റുകയും ചെയ്തു. ഗുഡ്സ് വാഹനം ഓടിച്ച് ജീവിക്കുന്ന പരാതിക്കാരന് ഇതുമൂലം തൊഴിൽപരമായി ഏറെ ബുദ്ധിമുട്ടുകളും വലിയ സാമ്പത്തിക നഷ്ടവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് മുഴുവൻ രേഖകളും 30 ദിവസത്തിനകം പരാതിക്കാരന് നൽകണം. പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങൾക്കും ധനനഷ്ടത്തിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും നൽകണമെന്നും ഉപഭോക്തൃ തർക്ക പരിഹാര കോടതി എതിർകക്ഷിക്ക് നിർദേശം നൽകി. പരാതിക്കാരനു വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രൻ ഹാജരായി.

സാമ്പത്തിക പ്രതിസന്ധിയിലായ ആന്റണി ഇപ്പോൾ ഉപജീവനത്തിനായി തട്ടുകട നടത്തുകയാണ്. വാഹനം ഓടാതെ ഷെഡിലുമായി. സിബിൽ സ്കോർ നഷ്ടമായതോടെ വാഹന വയ്പ്പയോ മറ്റ് വായ്പകളോ ലഭിക്കുന്നില്ല. നാല് ലക്ഷം രൂപ വായ്പ്പ തിരിച്ചടച്ചു പുതിയ വായ്പ്പ എടുക്കുന്നതിനായി നാല് ലക്ഷം രൂപ കടം വാങ്ങി ബാങ്കിൽ അടച്ചപ്പോഴാണ് സിബിൽ സ്കോറിന്റെ പേരിൽ വായ്പ്പ മുടങ്ങിയത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു.