നടി അഞ്ജലിയെ പൊതുവേദിയിൽവെച്ച് തള്ളിമാറ്റി ബാലകൃഷ്ണ

പൊതുവിടങ്ങളിലെ മോശം പെരുമാറ്റംകൊണ്ട് എന്നും വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് തെലുങ്ക് സൂപ്പർ താരമായ നന്ദമൂരി ബാലകൃഷ്ണ. ബാലകൃഷ്ണയുടെ മോശം പെരുമാറ്റം നിറഞ്ഞ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം.

കഴിഞ്ഞദിവസമാണ് തെലുങ്ക് യുവതാരവും സംവിധായകനുമായ വിശ്വക് സെൻ നായകനായെത്തുന്ന ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങ് നടന്നത്. ഈ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്ണ.

വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുമ്പോളായിരുന്നു സംഭവം. രോഷാകുലനായി മാറി നിൽക്കെന്ന് ആവശ്യപ്പെട്ടാണ് നടി അഞ്ജലിയെ സൂപ്പർതാരം തള്ളിമാറ്റിയത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെനിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും ഞെട്ടിപ്പോയി. പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലുംഅഞ്ജലി സംയമനം പാലിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന വീഡിയോകൾ വ്യക്തമാക്കുന്നത്.

മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടുളള തന്റെ വാക്കുകൾ കേള്‍ക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് ബാലകൃഷ്ണ അഞ്ജലിയെ ദേഷ്യത്താൽ തള്ളി മാറ്റിയതെന്നാണ് റിപ്പോർട്ട്. അതേസമയം ബാലകൃഷ്ണ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്.

അഞ്ജലിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.