‘ഇന്ത്യ’യുടെ പോരാട്ടം; ലീഡ് നില മാറിമറിയുന്നു, എൻഡിഎയ്ക്ക് ആശങ്ക

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ നിഷ്പ്രഭമാക്കി തകർപ്പൻ പ്രകടനവുമായി ഇന്ത്യ സഖ്യം. ബിജെപിയുടെയും എൻഡിഎയുടെയും അനായാസ വിജയമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണൽ ആരംഭിച്ച് നാലര മണിക്കൂർ പിന്നിടുമ്പോഴും ഇന്ത്യ സഖ്യം വിട്ടുകൊടുക്കാതെ പൊരുതുന്നതാണ് കാഴ്ച. ഇടയ്ക്ക് എൻഡിഎയെ ഞെട്ടിച്ച് മുന്നിലെത്തിയ ഇന്ത്യ സഖ്യം, കൃത്യമായ ഇടവേളകളിൽ എൻഡിഎയ്ക്കൊപ്പമെത്തി. നിലവിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് മുന്നിലാണെങ്കിലും, ലീഡ് നില അടിക്കടി മാറിമറിയുന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭരണം പിടിക്കാൻ ആകെ 272 സീറ്റുകളാണ് വേണ്ടത്.

വോട്ടെണ്ണലിന്റഎ ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യ സഖ്യം സാന്നിധ്യം അറിയിച്ചത്. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് പിടിച്ചു.

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ഒരു ഘട്ടത്തിൽ ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. അവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്.

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു.