ചിരി മായാതെ മടങ്ങൂ ടീച്ചർ, മതമല്ല, മനുഷ്യനാണ് പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ വരാന്‍ വടകര ബാക്കിയുണ്ട്-കെ.കെ. രമ

കോഴിക്കോട്: വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 60,000 കടക്കുമ്പോൾ ഫെയ്സ്ബുക്ക് കുറിപ്പുമായി കെ.കെ. രമ. സിപിഎം സ്ഥാനാര്‍ഥി കെകെ ശൈലജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കെകെ രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘ചിരി മായാതെ മടങ്ങൂ ടീച്ചര്‍, ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ, മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഇന്നാട് ബാക്കിയുണ്ടെന്ന് കെകെ രമ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കെകെ രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ചിരി മായാതെ മടങ്ങൂ ടീച്ചര്‍..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ
മടങ്ങാവൂ??..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ.കെ.രമ