ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിന് ആദ്യമായി ബിജെപി എംപി; തോറ്റത് 4 സിറ്റിങ് എംപിമാർ, 3 പേർ പുതുമുഖങ്ങൾ

തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിര‍ഞ്ഞെടുപ്പിൽ കേളത്തിനു ലഭിച്ചത് മൂന്നു പുതുമുഖ എംപിമാരെയാണ്. സുരേഷ് ഗോപി (തൃശൂർ), ഷാഫി പറമ്പിൽ(വടകര), കെ.രാധാകൃഷ്ണൻ (ആലത്തൂർ) എന്നിവരാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. മത്സരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ നാല് പേർ പരാജയമറിഞ്ഞു.

ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എൻ.കെ.പ്രേമചന്ദ്രൻ (കൊല്ലം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡൻ (എറണാകുളം), ബെന്നി ബഹനാൻ (ചാലക്കുടി), വി.കെ.ശ്രീകണ്ഠൻ (പാലക്കാട്), ഇ.ടി.മുഹമ്മദ് ബഷീർ (മലപ്പുറം), എം.പി.അബ്ദുൽ സമദ് സമദാനി (പൊന്നാനി), എം.കെ.രാഘവൻ (കോഴിക്കോട്), രാഹുൽ ഗാന്ധി (വയനാട്), കെ. സുധാകരൻ (കണ്ണൂർ), രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്) എന്നിവരാണ് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവർ.

ആലപ്പുഴയിൽ എ.എം.ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ.മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. കെ.സി.വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് എന്നിവർ ഒരിടവളേയ്ക്കു ശേഷമാണ് വീണ്ടും ലോക്സഭയിലേക്ക് പോകുന്നത്. ഇതാദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കേരളത്തിൽനിന്ന് ഒരു ലോക്‌സഭാ എംപിയെയും ലഭിച്ചിരിക്കുകയാണ്.