പീഡന കേസ് നേരിടുന്ന മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷൻ. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസിൽ പ്രതിചേർക്കപെട്ടത് കൊണ്ട് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് സതീദേവി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ജാഗ്രതയോടെ ഇടപെടൽ നടക്കുന്നുവെന്ന് സതീദേവി പറഞ്ഞു.

ദേശീയ വനിതാ കമ്മീഷൻ വരുന്ന കാര്യം അറിയിച്ചിരുന്നുവെന്നും ടെലിഫോണിൽ ബന്ധപ്പെട്ടാണ് അറിയിച്ചതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ഇന്ന് വൈകിട്ട് അവിടെ എത്തും എന്നാണ് പറഞ്ഞത്. എന്താണ് സന്ദർശന ലക്ഷ്യം എന്ന കാര്യം വ്യക്തമല്ല. ഹേമ കമ്മിറ്റിയാണോ സന്ദർശന വിഷയം എന്നറിയില്ല. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് അവരോട് വ്യക്തമാക്കും – പി സതീദേവി വ്യക്തമാക്കി. ലൈംഗിക പീഡന പരാതിയിൽ എം മുകേഷ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടിക്രമം പൂർത്തിയാക്കി പൊലീസ് വിട്ടയക്കുകയായിരുന്നു.

























