ഓം പ്രകാശിനെതിരായ ലഹരികേസ് : റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയുടേയും പ്രയാഗയുടേയും പേരുകൾ

കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് ജാമ്യം. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 8 ആണ് ജാമ്യം അനുവദിച്ചത്. ഓം പ്രകാശിന് ഒപ്പം പിടികൂടിയ ഷിഹാസിനും ജാമ്യ അനുവദിച്ചു. അതേസമയം, കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമ താരങ്ങളുടെ പേരുമുണ്ടെന്ന റിപ്പോര്‍ട്ട് കൂടി പുറത്തു വന്നു. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് പുറമെ 20 അധികം ആളുകളും മുറിയില്‍ എത്തി.

ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങള്‍ക്ക് ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതാണ് ഉയരുന്ന ചോദ്യം. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്നലെ ഹോട്ടലിലെ രജിസ്റ്റര്‍ പങ്കുവച്ച ഘട്ടത്തിലാണ് രജിസ്റ്ററില്‍ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടത്. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു. ഇത് സാധൂകരിക്കുന്നതിനായി ഇരുവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല.

ഇന്നലെയാണ് എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി കൈവശം വെച്ചതായിരുന്നു കേസ്.