തൃശൂർ: തൃശൂരിൽ അഞ്ച് വയസുകാരനെ ക്ലാസ് ടീച്ചർ ക്രൂരമായി മർദിച്ചു. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്.

രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെൻറിൻറെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നും മാതാപിതാക്കൾ ആരോപിച്ചു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെൻഡ് ചെയ്തെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

























