ബാലയ്യയ്ക്ക് ഇഷ്ടമായില്ല, തെലുങ്കിൽ ആവേശത്തിലെ രംഗയാകാൻ മറ്റൊരു സൂപ്പർതാരം

ഹൈദരാബാദ്: ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ആവേശം. വലിയ വിജയം നേടിയ ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യാൻ പോകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. നന്ദമൂരി ബാലകൃഷ്ണ ഫഹദിൻറെ വേഷത്തിൽ എത്തും എന്നായിരുന്നു വാർത്ത. എന്നാൽ പിന്നീട് ബാലയ്യ ഈ വേഷം നിഷേധിച്ചെന്ന് വാർത്ത വന്നു.

എന്നാൽ പുതിയ വാർത്തകൾ പ്രകാരം മറ്റൊരു തെലുങ്ക് സൂപ്പർതാരം ആവേശത്തിന് കൈ കൊടുക്കുകയാണ്. മാസ് മഹാരാജ എന്ന് അറിയപ്പെടുന്ന രവി തേജയാണ് ഇപ്പോൾ ആവേശം തെലുങ്ക് പ്രൊജക്ടിൽ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് പറയുന്നത്. രവിതേജയുടെ പ്രൊഡക്ഷൻ ഹൗസ് തന്നെ ചിത്രം നിർമ്മിച്ചേക്കും എന്നാണ് വിവരം.

ഹിന്ദിയിലേക്കും ചിത്രം റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ റിപ്പോർട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

ബോളിവുഡിലെ പ്രമുഖ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ ആകും സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.