ഭരണഘടനയ്ക്കെതിരായ വിവാദ പ്രസം​ഗം ; സജി ചെറിയാന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: മല്ലപ്പളളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്താൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി.

ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദവും ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികൾ പരിഗണിക്കാതെയെന്ന വാദത്തിൽ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാൻ 2022 ൽ വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയെ അവഹേളിച്ചു കൊണ്ട് അന്ന് മന്ത്രി നടത്തിയ പ്രസംഗത്തിൽ സജി ചെറിയാനെ അനുകൂലിച്ചായിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്.