കൊല്ലം: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവിൽ പാർപ്പിച്ച് കൂട്ടബ*ലാത്സം*ഗം ചെയ്ത കേസിൽ ഒന്നാം പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. വർക്കല റാത്തിക്കൽ ഇക്ബാൽ മൻസിലിൽ ഇക്ബാലി(48)നെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യം നേടിയശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

1997-ലായിരുന്നു സംഭവം. കുളത്തൂപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ 26-കാരിയെ കുളത്തൂപ്പുഴ-വർക്കല റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോയി, വർക്കലയിൽ എത്തിച്ച് ലോഡ്ജുകളിലും റിസോർട്ടിലും തടവിൽ പാർപ്പിച്ച് പീ*ഡിപ്പിച്ചെന്നാണ് കേസ്. ബസുടമയുടെ മകനായ ഇക്ബാൽ ബസിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചൽ പൊലീസ് ഇക്ബാൽ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടി. ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോയശേഷം വിദേശത്തേക്കു കടന്നു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടർന്നാണ് മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

























