കോൽക്കളി വൈറൽ; പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ച് കൊഴിച്ച് സീനിയേഴ്‌സ്

കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ച് സീനിയർ വിദ്യാർഥികൾ. കുറ്റ്യാടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് പ്ലസ് വൺ വിദ്യാർഥിയായ ഇഷാമനെ മർദിച്ചത്. സംഭവത്തിൽ 12 വിദ്യാർഥികൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചുവെന്നാണ് ഇഷാമിന്റെ ആരോപണം.

പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുമ്മൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലെ കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികൾ അവരുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തതാണ് മർദിക്കാൻ ഇടയാക്കിയത്. ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിനു കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്‌സ് തയാറായില്ല. ഇതേചൊല്ലി വിദ്യാർഥികൾ ദിവസങ്ങൾക്ക് മുൻപ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് വഴിക്കിട്ടിരുന്നു. അധ്യാപകർ ഇടപെട്ടാണ് അന്ന് സംഘർഷം ഒഴിവാക്കിയത്. സംഭവവുമായി 14 വിദ്യാർഥികളെ അന്വേഷണ വിധേയമായി സ്‌കൂളിൽനിന്നും മാറ്റി നിർത്താൻ തീരുമാനിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു.