കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാൻ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഡിസംബർ ഒന്നു മുതൽ തീരുമാനം നിലവിൽ വരും. മെഡിക്കൽ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റൽ കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും മറ്റുമുള്ള ചെലവ് വർധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഒപി ടിക്കറ്റിന് 10 രൂപ നൽകുകയെന്നത് വ്യക്തികൾക്ക് വലിയ പ്രയാസമാവില്ലെന്നും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ മുതൽക്കൂട്ടാകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നിലവിൽ ഒപി ടിക്കറ്റ് സൗജന്യമായാണ് നൽകുന്നത്.

























