ഭാരത കത്തോലിക്കാ വിശ്വാസികൾക്ക് അഭിമാനമായി മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി അഭിഷിക്തനായി. സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ, മാർ കൂവക്കാടിന് സ്ഥാനചിഹ്നങ്ങൾ നൽകി വാഴിച്ചു. 21 പേരാണ് കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.

ഇന്ത്യൻസമയം ശനിയാഴ്ച രാത്രി 8.30-ന് ചടങ്ങുകൾ തുടങ്ങി. ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരായി. മാർ കൂവക്കാടിന്റെ സ്വന്തം രൂപതയിലെ മേൽപ്പട്ടക്കാർ ചടങ്ങിൽ ശുശ്രൂഷ നിർവഹിച്ചത് അപൂർവനിമിഷമായി.


വൈദികനായിരിക്കേ നേരിട്ട് കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ ബഹുമതിയും കൂവക്കാടിന് സ്വന്തം. ചങ്ങനാശ്ശേരി മാമ്മൂട് കൂവക്കാട് കുടുംബാംഗമായ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് (51) മാമ്മൂട് ലൂർദ് മാതാ പള്ളി ഇടവകാംഗമാണ്.
ശനിയാഴ്ച രാവിലെ മാർ കൂവക്കാട്, മാർ തോമസ് തറയിൽ തുടങ്ങിയവർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർ കൂവക്കാടിനും ഭാരതസഭയിലെ ബിഷപ്പുമാർക്കും മാർപാപ്പ ആശീർവാദം നൽകി. ചടങ്ങിന് കർദിനാളിന്റെ മാതാപിതാക്കളായ ജേക്കബ് വർഗീസ്, ലീലാമ്മ ജേക്കബ് എന്നിവരും ബന്ധുക്കളും സാക്ഷികളായി. പ്രധാനമന്ത്രി നിയോഗിച്ച ഇന്ത്യൻ ഒൗദ്യോഗികസംഘത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ നയിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസോലിയോസ് ക്ലീമീസ് കാതോലിക്കാബാവ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
കൊടിക്കുന്നിൽ സുരേഷ് എം.പി., എം.എൽ.എ.മാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ്, ബി.ജെ.പി. നേതാക്കളായ രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി,അനൂപ് ആന്റണി, തുടങ്ങിയവരുമെത്തിയിരുന്നു. മാർ കൂവക്കാട് വത്തിക്കാനിലാണ് തുടർന്നും പ്രവർത്തിക്കുക. (മാതൃഭൂമിക്ക് വേണ്ടി അഡ്വ. ബോബൻ ടി തെക്കേൽ നൽകിയ ലേഖനത്തിൽ നിന്നും).
മോൺ. ജോർജ് കൂവക്കാടിനെ കർദിനാളായി മാർപാപ്പ അഭിഷേകംചെയ്തത് ഇന്ത്യക്ക് അഭിമാനം. ഫോക്കസ് ന്യൂസ് ടീവി























