നടി രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പ-2’ കാണാനായി നടി എത്തിയത് നടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കിടെയാണ് താരത്തിന്റെ കുടുംബത്തിനൊപ്പം ഒരുമിച്ചെത്തിയത്. വിജയ് ദേവരകൊണ്ടയുടെ അമ്മ ദേവരകൊണ്ട മാധവി, സഹോദരൻ ആനന്ദ് ദേവരകൊണ്ട എന്നിവർക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്. എന്നാൽ, വിജയ് ദേവരകൊണ്ട ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല.

അതിനിടെ ചർച്ചയായി നടിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. തന്റെ പുതിയ ചിത്രമായ ‘ദി ഗേൾഫ്രണ്ടി’ന്റെ ടീസർ റിലീസുമായി ബന്ധപ്പെട്ട് നടി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും സ്റ്റോറിയുമാണ് ആരാധകർക്കിടയിൽ വീണ്ടും അഭ്യൂഹങ്ങൾക്കിടയാക്കിയിരിക്കുന്നത്.


‘ദി ഗേൾഫ്രണ്ട്’ സിനിമയുടെ ടീസർ ഡിസംബർ ഒമ്പതാം തീയതി വിജയ് ദേവരകൊണ്ട റിലീസ് ചെയ്യുമെന്നാണ് രശ്മിക മന്ദാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്. ഡിസംബർ ഒമ്പതിന് രാവിലെ 11.07-നാണ് ടീസർ റിലീസ് ചെയ്യുന്നത്. ടീസർ റിലീസിന്റെ സ്റ്റോറിയിൽ വിജയ് ദേവരകൊണ്ടയ്ക്ക് നടി നന്ദിയും അറിയിച്ചിട്ടുണ്ട്.
എന്തായാലും വിജയ് ദേവരകൊണ്ടയെയും രശ്മികയെയും ബന്ധിപ്പിച്ച് സാമൂഹികമാധ്യമങ്ങളിൽ ആരാധകരുടെ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ‘ബോയ്ഫ്രണ്ട് ഗേൾഫ്രണ്ടിനെ അവതരിപ്പിക്കുന്നു’ എന്നായിരുന്നു ടീസർ റിലീസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തിൽ ഒരാളുടെ കമന്റ്.























