യൂത്ത് കോൺഗ്രസുകാരെക്കൊണ്ട് ട്രാൻസ്ജെൻഡറുകൾക്കുപോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം; മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അപമാനമാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് മന്ത്രി പറഞ്ഞു. അഹങ്കാരത്തിന്റയും ധിക്കാരത്തിന്റെയും അങ്ങേയറ്റം മാസ്റ്റർപീസ് എടുത്തയാളും അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വെച്ച വ്യക്തിയുമാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ എടാ വിജയാ എന്നു പ്രസംഗിച്ചയാളാണ് രാഹുൽ. തങ്ങളാരും കരുണാകരനെയോ എ.കെ.ആന്റണിയെയോ ബഹുമാനമില്ലാത്ത പദപ്രയോഗത്തിൽ സംസാരിച്ചിട്ടില്ല. അടി മായും പക്ഷെ വാക്കുമായില്ല. നിയമസഭയിലും തരംതാണ പ്രയോഗമാണ് നടത്തിയത്. ട്രാൻസ്ജെൻഡറുകൾക്കു പോലും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം യൂത്ത് കോൺഗ്രസുകാരെക്കൊണ്ട് ഉണ്ടായിരിക്കുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾക്കെതിരെ എന്തൊക്കെ ആരോപണങ്ങൾ ഉയർന്നു.

സരിതയിപ്പോൾ അതീവ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്. നല്ല ആരോഗ്യമുണ്ടായിരുന്ന സമയത്ത് അവരുമായി ബന്ധപ്പെട്ട നിരവധിയാളുകളുടെ പേരുകൾ പറഞ്ഞിരുന്നു. മിനിമം ആശുപത്രി ചിലവെങ്കിലും നൽകാനുള്ള മാന്യത കാണിക്കണ്ടേ. മനുഷ്യസഹജമായി ചെയ്യേണ്ട കാര്യം. കോൺഗ്രസിന് അങ്ങനെ ഒരു പാരമ്പര്യം ഉണ്ട്. കാര്യം കഴിഞ്ഞാൽ മരിക്കാൻ കിടന്നാലും തിരിഞ്ഞുനോക്കില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.