വിട്ടുപിരിഞ്ഞ അച്ഛൻ അപ്രതീക്ഷിതമായി സ്ക്രീനിൽ; വിവാഹവേദിയിൽ പൊട്ടിക്കരഞ്ഞ് ആര്യ, ചേര്‍ത്ത് നിര്‍ത്തി സിബിൻ

ആര്യ–സിബിൻ ദമ്പതികളുടെ വിവാഹവേദിയിൽ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാകുന്നു. ലോകത്തിൽ നിന്നും വിട പറഞ്ഞ് യാത്രയായ തന്റെ പിതാവ് വിവാഹാശംസ നേരുന്ന എഐ വിഡിയോ സ്ക്രീനിൽ അപ്രതീക്ഷിതമായി കാണാനിടയായപ്പോൾ വികാരനിർഭയയായി പൊട്ടിക്കരയുന്ന ആര്യയെ വിഡിയോയിൽ കാണാം. ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും നടി ആര്യയും ഓഗസ്റ്റ് 20നാണ് വിവാഹിതരായത്. ആര്യയുടെ മകൾ ഖുഷിയ‌ായിരുന്നു വിവാഹച്ചടങ്ങിലെ മറ്റൊരു ആകർഷണം. ചടങ്ങിനു പ്രധാന സാക്ഷിയായി നിന്നതും ഖുഷിയാണ്. മകളാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച് ആനയിച്ചത്.

സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാം. ആര്യയുടെയും സിബിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മേയ് മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് പന്ത്രണ്ട് വയസ്സുകാരിയായ ഖുഷി. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. സിബിന്റെ രണ്ടാം വിവാഹമാണ് ഇത്.