രാഹുലിനെതിരെ ഒന്നിലേറെ പേർ എന്നോടും പരാതിപ്പെട്ടു ; അഖിൽ മാരാർ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയെ അഭിനന്ദിക്കണമെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. കോണ്‍ഗ്രസിന്റേത് മഹത്തായ തീരുമാനമാണെന്നും അഖില്‍ പ്രശംസിച്ചു. രാഹുലിനെതിരെ ഒന്നിലേറെ പെണ്‍കുട്ടികള്‍ തന്നോടും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, നിയമപരമായി പോവാത്തിടത്തോളം കാലം ഇതൊന്നും പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമൊന്നുമില്ലെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പും ഇത്തരം ചില പരാതികള്‍ വ്യക്തിപരമായി ഞാനും കേട്ടിട്ടുണ്ട്. എന്നോടും ചില ആളുകള്‍ രാഹുല്‍ ഇങ്ങനെ മെസേജ് അയക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരാള്‍ മെസേജ് അയക്കുന്നത് ഈ രാജ്യത്ത് നിയമപരമായി തെറ്റല്ലാത്തതുകൊണ്ട് വിഷയത്തെ ഞാന്‍ തട്ടിക്കളഞ്ഞു.

എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പുള്ളി നല്ല കക്ഷിയാണോ, ഇങ്ങനെ മെസേജ് അയക്കുന്നുണ്ടല്ലോ, പുള്ളി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല എന്ന് സംശയങ്ങള്‍ ചോദിച്ചവരുണ്ട്. ഒന്നിലധികം ആള്‍ക്കാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ട്, അയാളുടെ സ്വഭാവം ശരിയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ സ്വാഭാവികമായി നിങ്ങള്‍ പറയും രാഹുലിനോടുള്ള അസൂയകൊണ്ടാണ്, വളര്‍ന്നുവരുന്ന ചെറുപ്പക്കാരനെ തകര്‍ക്കാനായി എന്തിനാണ് അഖില്‍ മാരാരേ നിങ്ങള്‍ നില്‍ക്കുന്നത് എന്നൊക്കെ പറയും. നിയമപരമായി ഒരു പെണ്‍കുട്ടി കേസുമായി പോവാത്തിടത്തോളം കാലം ഇതൊന്നും പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമൊന്നുമില്ല.

കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം മഹത്തായ തീരുമാനം എടുത്ത സന്ദര്‍ഭത്തില്‍ അവരെ അഭിനന്ദിക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അഖില്‍ പറ‍ഞ്ഞു.