‘കേസ് ഒതുക്കാൻ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’; സുജിത്തിന്റെ വെളിപ്പെടുത്തൽ; പൊലീസുകാരെ രക്ഷിക്കാനും ശ്രമം

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മർദ്ദന കേസ് ഒതുക്കാൻ പൊലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തൽ. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിൽ കൂടുതൽ പണം വേണമെങ്കിലും നൽകി കേസ് സെറ്റിൽ ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വഴി സൂചിപ്പിച്ചിരുന്നതായും സുജിത് പറയുന്നു. നേരിട്ടും ഇടനിലക്കാർ വഴിയുമാണ് സ്വാധീനം ചെലുത്താൻ ശ്രമിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാവ് വർഗീസിനെയും പൊലീസ് ഉദ്യോഗസ്ഥർ സമീപിച്ചിരുന്നതായും യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ വി എസ് സുജിത്ത് പറഞ്ഞു. പണം വാദ്ഗാനം ചെയ്തപ്പോൾ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നുവെന്നും സുജിത് പറഞ്ഞു. കേസിൽ പ്രതികളാക്കപ്പെട്ട നാലുപേർക്ക് പുറമെ, അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈർ കൂടി തന്നെ മർദ്ദിച്ചിരുന്നു. എന്നാൽ ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത് കൂട്ടിച്ചേർത്തു.

റവന്യൂ വകുപ്പിലാണ് സുഹൈർ ഇപ്പോൾ ജോലി ചെയ്യുന്നത്. തന്നെ മർദ്ദിച്ച അഞ്ചുപേർക്കെതിരെയും നടപടി വേണമെന്നും സുജിത് ആവശ്യപ്പെടുന്നു. 2023 ഏപ്രിൽ അഞ്ചിനാണ്, യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ പൊലീസുകാർ സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചത്. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമർദ്ദനത്തിന് ഇടയാക്കിയത്. അന്നത്തെ കുന്നംകുളം സ്‌റ്റേഷനിലെ എസ്‌ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവർ ചേർന്നാണ് അതിക്രൂരമായി സുജിത്തിനെ മർദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൂഴ്ത്തിയ പൊലീസ്, പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടർന്നാണ് സുജിത്തിന് കൈമാറിയത്. ഈ മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വരികയും ചെയ്തിരുന്നു. മർദ്ദനത്തിൽ സുജിത്തിന്റെ കേൾവി ശക്തി നഷ്ടമാകുകയും ചെയ്തിരുന്നു. കോടതി നിർദേശപ്രകാരം എടുത്ത കേസിൽ എസ് ഐ നുഹ്മാൻ, സിപിഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നിവർ പ്രതികളാണ്.

ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ദുർബല വകുപ്പുകൾ മാത്രമാണ് ഉദ്യോഗസ്ഥർക്ക് നേരെ ചുമത്തിയത്. കൈ കൊണ്ട് അടിച്ചു എന്ന വകുപ്പു മാത്രമാണ് ചുമത്തിയത്. കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യാതെ, രണ്ടുവർഷത്തേക്ക് ശമ്പള വർധന തടയുക മാത്രമാണ് ചെയ്തത്.