‘ലോക’യിലെ ആ വലിയ വേഷം നിരസിച്ചുതില്‍ ദുഃഖം: ബേസിൽ ജോസഫ്

‘ലോക’ സിനിമയിൽ വേഷം ചെയ്യാൻ സംവിധായകൻ ഡൊമിനിക് അരുൺ വിളിച്ചിരുന്നുവെന്ന് നടൻ ബേസിൽ ജോസഫ്. ആ വലിയ വേഷം നിരസിച്ചതിൽ ഇപ്പോൾ ദുഃഖമുണ്ടെന്നും ബേസിൽ പറഞ്ഞു. ഏത് വേഷം െചയ്യാനാണ് സമീപിച്ചതെന്ന് താരം വെളിപ്പെടുത്തിയില്ല. കേരളം ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന്റെ കൂടെയുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

ബേസിലിന്റെ വാക്കുകൾ– ‘ലോക എന്ന സിനിമയിൽ ഇല്ല പക്ഷെ ലോക സിനിമയിൽ ഉണ്ട്. ആ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഉണ്ടയായിരുന്നു, പക്ഷെ ഞാൻ ചെയ്തില്ല. അത് വേറൊരാൾ ചെയ്തു. ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു. വലിയ റോൾ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷെ വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല.’

കല്യാണി പ്രിയദർശനെ നായികയാക്കി മലയാളത്തിൽ ഒരുങ്ങിയ സൂപ്പർഹീറോ സിനിമയാണ് ‘ലോക’. ദുൽഖർ സൽമാൻ നിർമിച്ച് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’ ഭാഷയുടെ അതിർത്തികൾ ഭേദിച്ച് പ്രദർശനം തുടരുന്നു. 30 കോടി ചെലവിൽ നിർമിച്ച സിനിമ, 100 കോടിയും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ‘ലോക’.