ചട്ടിയൊന്നിന് 3 രൂപ കൈക്കൂലി, കളിമൺപാത്ര നിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ

തൃശൂർ: ചെടിച്ചട്ടി ഓഡർ നൽകാൻ പതിനായിരം കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെഎൻ അറസ്റ്റിൽ. തൃശ്ശൂർ വിജിലൻസിന്റെ ട്രാപ്പിലാണ് ചെയർമാൻ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. ചിറ്റിശ്ശേരിയിലെ പാത്രം നിർമ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

സ്വകാര്യ കളിമൺ പാത്ര നിർമാണ യൂണിറ്റിൽ നിന്നും ചെടിച്ചട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി ന?ഗരസഭയിക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികൾ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആണ്. കോർപ്പറേഷന്റെ ചെയർമാൻ കുട്ടമണി ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകയായിരുന്നു. കമ്മീഷന്റെ ആദ്യ പതിനായിരം രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാൾ വിജിലൻസ് പിടിയിലാകുന്നത്.