ശബരിമല ശ്രീകോവിലിന്റെ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയെന്ന് സ്ഥിരീകരിച്ച് ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി. അറസ്റ്റിന് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ക്ഷേത്രത്തിൽ എത്തിയിരുന്നെന്നും ഇവിടെ എത്തി പ്രാർത്ഥിച്ച് ആരോടും സംസാരിക്കാതെ തിരിച്ചുപോയെന്നും എൻ എസ് വിശ്വംഭരൻ ട്വന്റിഫോറിനോട് പറഞ്ഞു. ബംഗളൂരുവിൽ പണം നഷ്ടമായവർ ക്ഷേത്രത്തിൽ എത്തി പറഞ്ഞിരുന്നു. വ്യവസായികൾ ഉൾപ്പടെ അന്ന് ക്ഷേത്രത്തിൽ വന്നിരുന്നു. എത്ര പേർക്ക് പണം നഷ്ടമായെന്ന് അറിയില്ല. ക്ഷേത്രത്തിന് ഒരു ബന്ധവുമില്ല. ഇടപാട് ഉണ്ണികൃഷ്ണൻ പോറ്റി നേരിട്ടെന്നും ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റി സെക്രട്ടറി എൻ എസ് വിശ്വംബരൻ വ്യക്തമാക്കി.

ശബരിമല ശ്രീകോവിലിന്റെ പുതിയ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വാതിൽ പ്രദർശനത്തിന് വച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായി രമേഷ് റാവുവുമാണ് വാതിൽ പ്രദർശനത്തിന് നേതൃത്വം നൽകിയത്.


2019ലാണ് ശബരിമലയിലെ ശ്രീകോവിലിന്റെ പുതിയ വാതിൽ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വച്ച് നിർമിച്ചത്. പിന്നീട് ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വർണംപൂശി. സ്വർണം പൂശിയ ശേഷം വീണ്ടും ബെംഗളൂരുവിലെ ക്ഷേത്രത്തിൽ വാതിൽ കൊണ്ടുവന്ന ശേഷമാണ് പ്രദർശനം നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി വാതിൽ പ്രദർശിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ട് മുൻപുതന്നെ പുറത്തുവന്നിരുന്നു.























