‘മറ്റൊരാളുമായി ബന്ധമെന്ന് സംശയം’; കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി പശ്ചിമ ബംഗാൾ സ്വദേശി

കോട്ടയം: ഭർത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അൽപനയെ കൊലപ്പെടുത്തിയത്. ഇളപ്പുങ്കൽ ജങ്ഷനു സമീപം നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഭാര്യയെ കാണാനില്ലെന്ന് അയർക്കുന്നം പൊലീസിൽ പരാതി നൽകി മുങ്ങാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്.

മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അൽപ്പനയെ കൊലപ്പെടുത്തിയത്. അൽപ്പനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളുമായി സോണി സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. മതിലിൽ തലയിടിപ്പിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പിക്കാനായി കമ്പിപ്പാര കൊണ്ട് സോണിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

‘പ്രകാശ് മണ്ഡൽ എന്നയാളുമായി അൽപ്പന സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്നത് സോണിയെ അലോസരപ്പെടുത്തിയിരുന്നു. പറഞ്ഞ് വിലക്കിയിട്ടും അൽപ്പന ഫോൺ വിളി തുടർന്നു. കൊലപാതകം നടന്നത് 14-ാം തീയതിയാണ്. ഇതിനിന്റെ തലേദിവസവും ഫോൺവിളിയുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായിരുന്നു. നിർമാണ ജോലിയും മറ്റുമാണ് സോണിയും അൽപ്പനയും ചെയ്തുവന്നിരുന്നത്. സാധാരണ ഒമ്പത് മണിയോടെയാണ് ഇവർ പണിക്കിറങ്ങുന്നത്. കൊലപാതകം നടത്താൻ തീരുമാനിച്ച ദിവസം അത്യാവശ്യ പണിയുണ്ടെന്നും നേരത്തെ എത്തണമെന്നും വീട്ടുടമ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് സോണി അൽപ്പനയെ കൊലപാതകം നടന്ന സ്ഥലത്തേക്കെത്തിച്ചത്’ കോട്ടയം ഡിവൈഎസ്പി അരുൺ കെ എസ് പറഞ്ഞു.

ഇളപ്പുങ്കൽ ജങ്ഷനു സമീപം നിർമാണത്തിലിരിക്കുന്ന വീടിന് സമീപത്താണ് കൊലപാതകം നടത്തിയത്. വീടിനോട് ചേർന്ന് തന്നെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

രാവിലെ ഏഴുമണിയോടെയാണ് ഇവർ നിർമാണം നടക്കുന്ന വീടിന്റെ പരിസരത്തെത്തിയത്. ഇവിടെവെച്ച് ഫോൺവിളിയുമായി ബന്ധപ്പെട്ട് തർക്കം നടന്നു. കൊലപാതകം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് സോണി അൽപ്പനയെ കൊണ്ടുവന്നത്. ഫോൺ വിളിയുടെ കാര്യം പറഞ്ഞ് അൽപ്പനയെ പ്രകോപിപ്പിച്ച ശേഷമായിരുന്നു തർക്കം. തുടർന്ന് പിടിവലി കൂടുകയും സോണി അൽപ്പനയെ മതിലിൽ ഇടിപ്പിച്ച് താഴെ തള്ളിയിടുകയും ചെയ്തു. ഇതോടെ അൽപ്പന അബോധാവസ്ഥയിലായി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം സ്ഥിരീകരിക്കാനായി അവിടെയുണ്ടായിരുന്നു ഒരു കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.