കഞ്ചാവുമായി പിടിയിലായ പ്രതി വിലങ്ങുമായി വാളയാർ ഡാമിൽ ചാടി രക്ഷപ്പെട്ടു

പാലക്കാട്: നാല് കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായ ഒഡിഷ സ്വദേശി വിലങ്ങുമായി വാളയാർ ഡാമിൽ ചാടി നീന്തിരക്ഷപ്പെട്ടു. അസ്ഹർ മാലിക്കാണ്‌ (21) രക്ഷപ്പെട്ടത്. എക്‌സൈസ് ഉദ്യോഗസ്ഥർ പിന്നാലെ ഡാമിൽ ചാടിയെങ്കിലും തമിഴ്‌നാട് ഭാഗത്തെ കരയിലേക്കു കയറി പ്രതി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.15-ഓടെ കോയമ്പത്തൂർ ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽനിന്നാണ് കഞ്ചാവുമായി മാലിക് പിടിയിലായത്. വാളയാർ എക്‌സൈസ് ചെക് പോസ്റ്റിൽ പരിശോധനയ്ക്കിടെയാണ് മാലിക്കിന്റെ മടിയിലുണ്ടായിരുന്ന ബാഗിൽനിന്ന് 4.655 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെടുത്തത്.

തുടർന്ന് നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ വിലങ്ങണിയിച്ചു. രാവിലെ 7.30-ഓടെ വാഹനത്തിൽ പോലീസിനു കൈമാറാൻ കൊണ്ടുപോകാൻ തുടങ്ങുന്നതിനിടെ പ്രതി ശൗചാലയത്തിൽ പോകണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിനായി ഒരു കൈയിലെ വിലങ്ങ് തുറന്നുകൊടുത്തു. ചെക്ക് പോസ്റ്റിനോടു ചേർന്ന ഡാമിന്റെ പരിസരത്തേക്കു നീങ്ങിയ പ്രതി ഇവിടത്തെ കാട്ടിലേക്കു രക്ഷപ്പെട്ടു. എക്‌സൈസ് സംഘം പിന്നാലെയെത്തിയതു കണ്ട പ്രതി ഡാമിന്റെ തെക്കുഭാഗത്തായി വെള്ളത്തിലേക്ക്‌ എടുത്തുചാടുകയായിരുന്നു. എക്‌സൈസ് സംഘത്തിലെ വിവേക്, സജീവ് എന്നിവരും പിന്നാലെ ചാടി.

എന്നാൽ, മാലിക്കിനെ കണ്ടെത്താനായില്ല. തുടർന്ന് എക്‌സൈസ് നൽകിയ വിവരമനുസരിച്ച് വാളയാർ പോലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഡാമിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തി. ഡാമിൽ മീൻ പിടിക്കാനെത്തിയ ചിലരും സഹായിക്കാനെത്തി. എന്നാൽ, അപ്പോഴേക്കും ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള തമിഴ്‌നാട് ഭാഗത്തുകൂടി പ്രതി രക്ഷപ്പെട്ടു. വിവരം ശ്രദ്ധയിൽപ്പെട്ട ചില മീൻപിടിത്തക്കാർ എക്‌സൈസിനെയും പോലീസിനെയും അറിയിച്ചു. രണ്ടുമണിക്കൂറോളം ഡാമിൽ തിരച്ചിൽ നടത്തി അഗ്നിരക്ഷാസേന തിരികെപ്പോയി.ഇതിനിടെ തമിഴ്‌നാട് ഭാഗത്തെ തോട്ടത്തിലൊന്നിൽ പ്രതിയെ കണ്ടതായി അവിടെനിന്നുള്ള ചിലർ അറിയിച്ചു. അവിടെയെത്തി പോലീസ്, എക്‌സൈസ് സംഘം വൈകീട്ടുവരെ തിരച്ചിൽ തുടർന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.